2012, മാർ 14

നിദ്ര

ഒരു പകലിൻ ശവമടക്കലിൽ
കത്തിയവസാനിച്ച പ്രതീക്ഷയുടെ ചിത.
രാത്രി നിഗൂഢതയിലലിഞ്ഞാലും
ഇനിയും തുടരുമീ രാപകലുകൾ.
എങ്കിലുമീ നിദ്രയിൽ കണ്ടു ഞാൻ,
പോയിന്റ് ബ്ലാങ്കിലെ
തോക്കു പോലെ സമധാനം.
ഇന്നലെകളും നാളെയുമില്ലാത്ത,
തുടക്കൊടുക്കങ്ങളില്ലാത്ത യാത്ര.
 ശിരച്ഛേദം ചെയ്യപ്പെട്ടൊരു
മരത്തിൻ കീഴെ
വില പറഞ്ഞുറപ്പിക്കാത്ത
കുറേ മനുഷ്യ ജന്മങ്ങൾ.
കാലത്തിൻ വേഷം കെട്ടലുകളിഴിച്ച-
യീ നഗ്നസത്യങ്ങൾക്കിടയിൽ
ഒരു കലാപത്തിൻ
ചോരചിതറിയ തെരുവിലൂടെ
തൊലിയുരിക്കപ്പെട്ട
എന്റെ യൌവനം പാഞ്ഞുപോയി.
പകൽ കാഴ്ചകൾ മാത്രമവശേഷിക്കുന്ന
ഇനിയും കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത
ഒരു നഗരമദ്ധ്യത്തിലേയ്ക്ക്.

ഓർമ

രുട്ട് വീണ ഇടനാഴികളിലൂടെ
പൂക്കൾ കൊഴിഞ്ഞ ഇടവഴികളിലൂടെ
എൻ സ്വപ്നത്തിൽ നിൻ കണ്ണീരിനൊപ്പം
ഭൂതകാലത്തിലേക്കൊരു തീർത്ഥയാത്ര.
  നഷ്ട്ങ്ങളുടെ കച്ചവടക്കാരൻ
  സ്വപ്നങ്ങളിൽ കടക്കാരനായി.
  ജീവിതമെന്ന കള്ളകളിയിൽ
  വഞ്ചനകാട്ടിയ മോഹങ്ങളെ കഴുവിലേറ്റി.
മറവിയെ കാത്തിരുന്ന എന്നിലേയ്ക്ക്
കണ്ണുനീരായ് നീ ഒലിച്ചിറങ്ങി.
ഓർമകളുടെ ഈ മധ്യവേനലിൽ
നിന്നെക്കുറിച്ചോർമിച്ചതിത്രമാത്രം.
ഒരിക്കലും മാ‍യാത്ത മനസിന്റെ മുറിവാണ്.
മധുരിക്കുമോർമകൾ പകർന്നൊരു നോവാണ്.

ഒരു പ്രണയകഥ

തലവെട്ടിപ്പൊളിക്കും ചിന്തകളിൽ
താലോലിക്കും വേദനകൾ,
അനുഭവിച്ചിട്ടും അന്യമായിരുന്ന
അറിവില്ലായ്മയുടെ അറിവുകൾ,
നമ്മുടേതല്ലാത്ത ഓർമകൾ
കാഴ്ചക്കു മുന്നിലഭിനയിക്കുന്ന അന്ധത
ഇവയാണു പ്രണയമെങ്കിൽ - ഞാനൊരു
പ്രണയത്തിൻ ദുരന്തകഥ പറയാം.
   കാലയവനികയുടെ ദ്രുതഗതിയിൽ
   കാലത്തിൻ ഋതുഭേദങ്ങൾക്കിടയിൽ
   വർണ   ദൃശ്യവിസ്മയങ്ങളില്ലാതിരുന്ന
   ഒരു വസന്ത കാലമായിരുന്നു അത്.
ഓർമയിൽ നിന്നുണർന്നെഴുന്നേറ്റപ്പോൾ
ഒരു മഞ്ഞുതുള്ളിയായെൻ സ്നേഹം.
തീവ്രമായൊരു പ്രകാശരശ്മിയായവൾ
അപ്പോഴേക്കുമതിനെ ഉരുക്കികളഞ്ഞു.
   മനസ്സിൽ കൂട്ടികിഴിക്കും പൊള്ളത്തരങ്ങൾക്കു മുന്നിൽ
   നിഷ്കളങ്കയായി അവൾ ഇരിക്കുന്നു.
   ദൃഷ്ടിയുടെ ഒളിയമ്പുകൾ ഏൽക്കാതിരിക്കാൻ
   അവൾ തലയുയർത്താറില്ല
ഞാൻ വാചാലനായിടത്തെല്ലാം
മൌനിയായിരിക്കുമവൾ
പ്രണയാഗ്നി എന്നിലുടലെടുക്കുന്നതിനു മുൻപേ
സൌഹൃദത്തിൻ തിരമാലകളുമായി അവളെത്തും.
  ഇനിയെന്തെങ്കിലും പറയണമെങ്കിൽ
  ഞാൻ ഞാനല്ലാതാകണം.
  ഒരു പക്ഷേ... അതിനായാൽ
  അന്നേരം,
  അവൾ അവളല്ലാതായാലോ.?
അങ്ങനെയങ്ങനെയങ്ങനെ..
ഇതും അങ്ങനെതന്നെ.
‘എന്നോ പ്രതീക്ഷകളുടെ പാളത്തിൽ
തലവെച്ചാത്മഹത്യ ചെയ്ത
സുന്ദര സ്വപ്നങ്ങളുടെ ഒരു പകർപ്പു മാത്രം.’

ഇട്ടാവട്ടം

ഒറ്റയ്ക്കിരിയ്ക്കുമ്പോഴറിയാ‍തെ
പ്രണയിച്ചു പോകുന്നു നിന്നെ ഞാ‍ൻ.
ഒന്നിച്ചു  കൂടുമ്പോൾ
വിസ്മരിക്കപ്പെടും.
കാലമെന്നെ
നീയെന്ന ഇട്ടാവട്ടത്തിൽ കെട്ടിയിടാതിരിക്കാൻ
ഞാൻ സ്വയം വിസ്മരിച്ചീടുന്നു..

അവസാനമായ്…


ന്നോ കൊഴിഞ്ഞു വീണ്
കാലചക്രങ്ങളാൽ
ചതഞ്ഞരഞ്ഞ
പ്രണയത്തിൻ ഗന്ധം വിടരും
സുന്ദരസുദിനങ്ങളേ
ഇത് നിങ്ങൾ തൻ  ചരമഗീതം.
പ്രഭാതങ്ങൾ തൻ പ്രതീക്ഷയായ്,
സന്ധ്യതൻ സ്വാന്തനമായ്,
രാവിൻ സ്വപ്നമായ്
ഓർമ തൻ കുളിർമയായ്
പകൽ കാഴ്ചകളായതും
മനം നിറഞ്ഞതും
എൻ പ്രിയ സഖീ
ഞാനിന്നുമോർക്കുന്നു.
കണ്ടതത്രയും മിഥ്യയെന്നു പറഞ്ഞതും
കയ്യൊഴിഞ്ഞതും എന്തിനോ.?
എൻ ചോദ്യങ്ങൾക്കായ് പറഞ്ഞതെല്ലാം
നുണകളായിരുന്നോ.?
ഓർമകളെ നിങ്ങളെന്നോട് പൊറുക്കുക.
മറവിതൻ അഗ്നിയിൽ
ദഹിക്കട്ടെ നിങ്ങൾ തൻ
ഓരോ അണുവും.
ഓർമകൾ നിലയ്ക്കട്ടെ.

2012, മാർ 7

സമാന്തരം

കാലം കണക്കുപറഞ്ഞപ്പോഴൊക്കെയും
ഞാന്‍ ഒഴിഞ്ഞുമാറി നിന്നു.
കാരണം എനിക്കു നിന്നെക്കുറിച്ചുള്ളതൊന്നും
കണക്കുകളല്ലായിരുന്നു.
യെത്ര പിന്തിരിഞ്ഞാലും
തിരയ്ക്ക് കരയെ പിരിയാനാകുമോ.
കാറ്റിനോടും കവിതയോടും
നിന്നെക്കുറിച്ചാണ് പറഞ്ഞത്.
പക്ഷേ...
പക്ഷേ നീ മാത്രമെന്നെയറിഞ്ഞില്ല.
എത്ര നാള്‍ സമാന്തരമായിരുന്നാലും
ഒരിക്കലും കൂട്ടിമുട്ടാതയീ
റെയില്‍പ്പാളങ്ങള്‍ പോല്‍
തുടരുന്നു നാമീ ജീവിതം.

ചെയ്യാനാവാത്ത കൊലപാതകം

എത്ര വേഗമാണ്
പകല്‍ പോയ് മറഞ്ഞത്.
സമയത്തിന്‍ വേഗം
നിയന്ത്രാതീതമാകുന്നു.
ഓരോ പകലും
രാത്രിയുടെ സ്വപ്നങ്ങളായ്,
രാവിന്‍റെ പ്രതീക്ഷയായ്,
തുന്നിച്ചേര്‍ക്കുമോര്‍മകളായ്...
 
  ഡയറിതാളുകളില്‍
  കോറിയിട്ടതും കുത്തിവരച്ചതും
  ഒന്നിച്ചൊരൊറ്റ വളര്‍ച്ച-
  മനസിന്‍ സ്വപ്നകൊട്ടാരമായ്.
  ഓര്‍മ്മകളയവിറക്കുന്നു ഞന്‍.
  കഴിഞ്ഞകാലമേ, ഇതു ചരിത്രമാണ്.
  ഇന്ന് ഞാന്‍ ഒറ്റയ്ക്കാണ്.
  സന്ധ്യചക്രവാളത്തില്‍
  താഴ്ത്തുമീ സൂര്യനും,
  നിലാവും അമ്പിളിയും
  ശാസ്ത്രമാണിന്ന്.

ഭയത്തിന്‍ ചുവപ്പാകും സന്ധ്യയും
ഇരുട്ടിന്‍ നിഗൂഢമാം രാത്രിയും
മനസിന്‍ മുറിവായ്
മരിക്കാത്ത ഓര്‍മകളും.
ചോര അറപ്പ് മാറ്റിയിരുന്നെങ്കില്‍
കുത്തി നോവിക്കുമീയോര്‍മകളെ
തല്ലിക്കൊന്ന് കുഴിച്ചുമൂടിയേനെ.
അതിനായിരുന്നെങ്കില്‍
ഇത് ഞാന്‍ കുറിക്കില്ലായിരുന്നു.
സമാധാനത്തിനായ് കാത്തിരിക്കാം-
ഒരു കൊലപാതകിയാകും വരെ.
  

2012, ഫെബ്രു 16

നിന്നിലെഴുതാന്‍

സ്മൃതി മണ്ഡലകോണുകളില്‍
സന്ധ്യതന്‍ നിലാവൊളി തീര്‍ത്ത
നിന്‍ ഛായാചിത്രങ്ങളില്‍, ഞാന്‍
നിറക്കൂട്ടെഴുതുകയാണ്.

നമ്മള്‍തന്‍ പരിചിതലോകത്തില്‍
ഞാന്‍ മൌനം പാലിച്ചതും
നീയതു തകര്‍ത്തെറിഞ്ഞതും
ഞാനിന്നോര്‍ക്കുകയായിരുന്നു.
എന്നേകാന്ത നിമിഷമിതില്‍
കിനാവ് നിന്നിലലിഞ്ഞീടിലും
നിന്‍ ശബ്ദമെന്‍ സംഗീതത്തെ
അനശ്വരതയിലാഴ്ത്തിടുന്നു.

എങ്കിലുമെഴുതീടട്ടെ ഞാന്‍,
നീ തുറന്ന പുസ്തകതാളുകളില്‍
രാഗതാള നിബിഡമായ വരികള്‍
ശബ്ദശ്രുതി മാധുര്യമായ് നമ്മളിലലിയുവാന്‍.

2012, ഫെബ്രു 5

നീ

നീ ആത്മഹത്യ ചെയ്തത്
എന്‍റെ ജീവിതത്തിലേക്കാണ്.
കാലം കുത്തിയൊലിച്ചതും
സ്വപ്നം പൊട്ടിത്തെറിച്ചതും
ഞാനില്ലാതായതും നീയറിഞ്ഞില്ലേ..

2012, ജനു 15

കാണാപ്പുറങ്ങളില്‍...

എന്നാണു നമ്മളാദ്യം കണ്ടത്..?
ഞാന്‍ നോക്കുമ്പോഴെല്ലാം
നീയെന്നെയാണല്ലോ നോക്കുന്നത്.
കാഴ്ചയുടെ കാണാപ്പുറങ്ങള്‍
കാണാന്‍ വന്നവരാണു നമ്മള്‍.
എന്നിട്ടിങ്ങനെ നോക്കിയിരുന്നാല്‍
എന്താണിതന്റെയര്‍ത്ഥം?
ഞാന്‍ നിന്നെ പ്രണയിക്കുന്നവോ...
നീയെന്നെയോ..?
ആരോടാണിതൊന്നു ചോദിക്കുക.
   ഇവിടെ ചിലരുണ്ട്.
   മുടിനീട്ടിവളര്‍ത്തി, കണ്ണട വച്ച്,
   ജുബ്ബായിട്ട ചില ബുദ്ധിജീവികള്‍.
   ചിന്തയിലാണ്ടിരിക്കുമിവരെ
   എങ്ങനെയാണു ശല്യപ്പെടുത്താനാവുക.
ചിലരാകട്ടെ വികാരാധീനരാണ്.
ഇളിച്ചുകാട്ടി കരയുകയാണിവര്‍.
പിന്നെ മറ്റുചിലര്‍,
സുഹ്രുത്തക്കളെങ്കിലും നുണയന്മാരാണ്.
ഞാന്‍ നിന്നെക്കുറിച്ചാരാഞ്ഞപ്പോള്‍
"നീയൊരു സുന്ദരിയത്രേ."
എന്റെയീ സംശയം
ഇങ്ങനുള്ളവരോടെങ്ങനെ ചോദിക്കാനാ..?
   നമ്മള്‍ പരിചിതരായിരുന്നെങ്കില്‍
   ഞാന്‍ നിന്നോടുതന്നെയിതു ചോദിച്ചേനെ.
   അതിനു നിന്നെയെനിക്കറിയില്ലല്ലോ,
   നിനക്കെന്നെയും...

2012, ജനു 9

കവി (ഭ്രാന്തന്‍)

പരേതാത്മാക്കള്‍ നിദ്രവിട്ടുണരുമീ
ദുര്‍ഘടസമയത്തെങ്കിലും
ക്ലോക്കിന്‍റെ ടിക്.. ടിക്..
അടുത്ത ദിവസത്തിലേയ്ക്ക് തുടരുന്ന
ഈ മണിക്കൂറിലെങ്കിലും
എനിക്കൊന്നുറങ്ങാനായെങ്കില്‍...

പറിച്ചെടുത്ത ഈ മിടിക്കുന്ന ഹ്രദയം,
രണ്ടായി പിളര്‍ന്ന ഈ മസ്തിഷ്കം
ഇവയൊന്നെടുത്തു മാറ്റൂ..
രക്തമെനിയ്ക്കറപ്പാണ്,
സ്നേഹമെനിക്കു വേദനയാണ്.
ജീവിതമെനിക്കു ക്രൂരതയാണ്.

പൊള്ളിച്ച സ്പര്‍ശനങ്ങള്‍,
വഞ്ചനയുടെ തൂക്കുമരങ്ങള്‍,
സ്വപ്നങ്ങളവിടെ വിജനമാണ്.

ഹ.. ഹ.. ഹ.. കവി
അര്‍ക്കും മനസിലാകാത്ത ഭാഷ.
ചിന്തകളാല്‍ വെറുക്കപ്പെട്ട
ശപിക്കപ്പെട്ട ഭ്രാന്തന്‍.

                                 ഒരു ചിത്രമോ നമ്മള്‍ സ്വയം രേഖപെടുത്തുന്ന ചില  വാചകങ്ങളോ, ഒരാള്‍ക്ക് നമ്മളെക്കുറിച്ചുള്ള അഭിപ്രായങ്ങളൊ   അങ്...